
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യൻ വിദ്യാഭ്യാസസമ്പ്രദായത്തിൽ സുപ്രധാനമായ മാറ്റങ്ങൾക്ക് ലക്ഷ്യമിടുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീയിൽ കേരളം ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച തിരുമാനം ഏപ്രിൽ 9 നു കൂടിയ മന്ത്രിസഭായോഗം മാറ്റിവച്ചു. സി.പി.ഐയുടെ എതിർപ്പിനെ തുടർന്നായിരുന്നുവത്രെ ഇങ്ങനെ ചെയ്തത്. കൂടിയാലോചനകൾക്കു ശേഷം മന്ത്രിസഭായോഗത്തിൽ വീണ്ടും ഈ വിഷയം അവതരിപ്പിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. 2022 ൽ ആരംഭിച്ച പദ്ധതിയിൽ ചേരാത്തതു മൂലം കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികൾക്കുള്ള വിഹിതം തരാതെ കേന്ദ്ര സർക്കാർ ബുദ്ധിമുട്ടിക്കുന്നു എന്നു ചൂണ്ടികാട്ടിയാണ് പി.എം. ശ്രീയുടെ ധാരണാപത്രത്തിൽ (എം.ഒ.യു) ഒപ്പിടാമെന്ന നിലപാടിൽ പൊതുവിദ്യാഭ്യാസ വകുപ്പ് എത്തിയതും മന്ത്രിസഭായോഗത്തിൽ അജണ്ടയായി കൊണ്ടുവന്നതും. കഴിഞ്ഞ ഡിസംബറിലെ മന്ത്രിസഭായോഗത്തിലും ഇക്കാര്യം കൊണ്ടുവന്നിരുന്നു. അന്നും സി പി ഐ എതിർത്തിരുന്നു.
എന്താണ് പി.എം. ശ്രീ വിദ്യാഭ്യാസ പദ്ധതി ?
പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ (PM SHRI) എന്നാണ് പദ്ധതിയുടെ പൂർണമായ പേര്. സ്ക്കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്ര സർക്കാർ 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ചുവടുപിടിച്ച് അവതരിപ്പിച്ച പദ്ധതിയാണ് പി.എം. ശ്രീ. നിലവിലുള്ള പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം 14500 സർക്കാർ സ്കൂളുകളെ മാതൃകാസ്ഥാപനങ്ങളായി ഉയർത്തും. 27000 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2022 ലെ ദേശീയ അധ്യാപക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയ്ക്കു പുറമേ കലാ-കായിക രംഗത്തെ മികച്ച പരിശീലനം എന്നിവയെല്ലാം ഈ സ്കൂളുകളിൽ ഉണ്ടാകും. ദേശീയ വിദ്യാഭ്യാസനയം 2020 നടപ്പാക്കുന്നതു കാണിക്കുന്ന മാതൃകാ സ്കൂളാണ് പി.എം. ശ്രീ സ്കൂളുകൾ. ഈ പദ്ധതി പ്രകാരം ഓരോ ബ്ലോക്കിലും രണ്ട് സ്കൂളുകൾ വീതം ലഭിക്കും. കേരളത്തിന് ലഭിക്കുക 251 സ്കൂളുകളാണ്. ഇതനുസരിച്ച് 251 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിനു ലഭിക്കുക. എന്നാൽ പദ്ധതിയുടെ ഭാഗമായ ഫണ്ട് ലഭിക്കുവാൻ കേന്ദ്ര വിദ്യാഭ്യാസനയം കൂടി അംഗീകരിക്കേണ്ടിവരും. ഇക്കാര്യമാണ് സി.പി.ഐക്കാർ സംശയത്തോടെ നോക്കിക്കാണുന്നത്.
2020 ലെ ദേശീയ വിദ്യാഭ്യാസനയത്തെ പാടെ തള്ളി ക്കളയേണ്ടതില്ല. പരമ്പരാഗതമായ അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസരീതിയിൽ നിന്നും പഠിതാക്കൾക്കു പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസരീതിയിലേക്ക് മാറുകയാണ് ഈ നയം മൂലം. വിദ്യാഭ്യാസത്തിലൂടെ സാമൂഹികവും വൈകാരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നത്. വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയുടെ കഴിവും ശേഷിയും വർധിപ്പിക്കുന്നതിൽ കാര്യമായ സംഭാവനയാണ് ദേശീയ വിദ്യാഭ്യാസനയത്തിലുള്ളത്.
2030 ഓടെ രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസവും 2035 ഓടെ ഉന്നത വിദ്യാഭ്യാസവും സാർവത്രികമാക്കാനാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നത്. പി.എം. ശ്രീയിൽ ഭാഗമാകാത്തതിന്റെ പേരിൽ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതോടെ സമഗ്ര ശിക്ഷ കേരളം (എസ് എസ് കെ ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലായിരിക്കുകയാണ്. കേന്ദ്രത്തിൽ നിന്നും 1377 കോടി രൂപ കിട്ടാനുണ്ടെന്നാണ് സർക്കാർ പറയുന്നത്. ഇതിൽ 280.58 കോടി രൂപ 2023-24 ലെയും 513. 54 കോടി രൂപ കഴിഞ്ഞ അധ്യയന വർഷത്തെയും കുടിശ്ശികയാണ്. പുതിയ അധ്യയന വർഷത്തെ ആദ്യ ഗഡുവും ലഭിക്കാനുണ്ട്. സമഗ്ര ശിക്ഷയിൽ ഇത്തവണ ശമ്പളം നൽകിയതു സംസ്ഥാന സർക്കാരാണ്. കേരളത്തിന്റെ മാത്രമല്ല ഫണ്ട് തടഞ്ഞതു. തമിഴ് നാടിന് 2151 കോടി രൂപയും ബംഗാളിന് 1745.80 കോടി രൂപയും ഡൽഹിക്ക് 330 കോടി രൂപയും പഞ്ചാബിന് 515 കോടിയും കിട്ടാനുണ്ട്.
ഡൽഹിയും പഞ്ചാബുമാണ് പദ്ധതിക്കെതിരെ ആദ്യമായി രംഗത്തുവന്നത്. ഈ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി സർക്കാരുകൾ യഥാക്രമം ' സ്കൂൾ ഓഫ് സ്പെഷ്യലൈസ്ഡ് എക്സലൻസ്', 'സ്കൂൾ ഓഫ് എമിനൻസ് ' എന്നീ പേരുകളിൽ പി.എം.ശ്രീയ്ക്ക് സമാനമായ പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളിന്റെ പേരിനു മുന്നിൽ പി.എം. ശ്രീ എന്നു കൂടി ചേർക്കണമെന്ന നിർദേശത്തെയാണ് പശ്ചിമ ബംഗാൾ എതിർത്തത്. നിലവിൽ തമിഴ്നാട്, കേരളം, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ 5 സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടില്ല.
ചലഞ്ച് മോഡ് വഴിയാണ് പി എം ശ്രീ സ്കൂളുകൾ തെരത്തെടുക്കപ്പെടുന്നത്. കേടുപാടില്ലാത്ത സ്കൂൾ കെട്ടിടം, തടസ്സങ്ങളില്ലാത്ത പ്രവേശന റാമ്പുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കുറഞ്ഞത് ഒരു ടോയ്ലെറ്റ് വീതമെങ്കിലും ഉൾപ്പെടെയാണ് മിനിമം മാനദണ്ഡങ്ങൾ. അടിസ്ഥാന സൗകര്യം, ടീച്ചിംഗ് സ്റ്റാഫ്, പഠനഫലങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരുകൂട്ടം പാരാമീറ്ററുകൾ അടിസ്ഥാനമാക്കിയാണ് ഇത് വിലയിരുത്തുന്നത്. നിലവിൽ യു.പി.യിലാണ് ഏറ്റവും കൂടുതൽ പി.എം. ശ്രീ സ്ക്കൂളുകളുളളതു. 1865 എണ്ണം. തൊട്ടടുത്ത് മഹാരാഷ്ട്ര-910 എണ്ണം. ആന്ധ്ര - 900 എണ്ണം. 20 ലക്ഷം വിദ്യാർഥികൾ പി.എം. ശ്രീ പദ്ധതിയിൽ നേരിട്ടുള്ള ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളം ധാരണാപത്രത്തിൽ ഒപ്പിടാത്തതു കൊണ്ടുള്ള നഷ്ടം കുട്ടികൾക്കാണ്. സംസ്ഥാനത്ത് ആകെയുള്ള 12644 സ്കൂളുകളിൽ 251 സ്കൂളുകൾ മാത്രമേ പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുകയുള്ളു. ആശങ്കകൾക്കൊന്നും ഇടം നൽകാതെ വിദ്യാഭ്യാസരംഗത്തെ സുപ്രധാന മാറ്റങ്ങൾക്കു വഴിവയ്ക്കുന്ന പി എം.ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ നമ്മുടെ സംസ്ഥാനവും പങ്കാളിയാകുന്നതല്ലേ നല്ലത്.











